ചുവപ്പു കാര്‍ഡ് തരാന്‍ അമ്ബയര്‍ ഇറങ്ങിയിട്ടില്ല;രാഷ്ട്രീയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണുന്നു;ശശി തരൂര്‍

single-img
20 November 2022

കോഴിക്കോട്: രാഷ്ട്രീയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണുന്നുവെന്ന് ശശി തരൂര്‍. ചുവപ്പു കാര്‍ഡ് തരാന്‍ അമ്ബയര്‍ ഇറങ്ങിയിട്ടില്ല.

എല്ലാ കളികളിലും താന്‍ സെന്റര്‍ ഫോര്‍വേഡ് പോലെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്റ്റാര്‍ ക്യാമ്ബെയ്‌നര്‍മാരുടെ ലിസ്റ്റ് ഇറങ്ങിയപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. പേര് ഉണ്ടെങ്കിലല്ലേ പോകാന്‍ സാധിക്കുകയുള്ളൂ. ആരെയൊക്കെയാണ് ആവശ്യമുള്ളതെന്ന് നേതൃത്വത്തിന് അറിയാമെന്നും തരൂര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതൃത്വം ഒതുക്കി നിര്‍ത്തുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, എല്ലാ കളികളിലും സെന്റര്‍ ഫോര്‍വേഡ് പോലെയാണ് കളിച്ചു കൊണ്ടിരിക്കുന്നത്, നോക്കട്ടെ എന്നും തരൂര്‍ പറഞ്ഞു. എംകെ രാഘവന്‍ എംപിയും തരൂരിനൊപ്പമുണ്ടായിരുന്നു.

എംടി വാസുദേവന്‍ നായരെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് തരൂര്‍ പറഞ്ഞു. സന്ദര്‍ശനത്തിന് ഔദ്യോഗിക പരിവേഷമില്ല. എംടി വാസുദേവന്‍ നായരുമായി കുടുംബ ബന്ധമുണ്ട്. ചെറുപ്പകാലം മുതലേ അറിയാം. അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. തിരക്കു മൂലം ഏറെ നാളായി അദ്ദേഹത്ത കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

തരൂര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ്‌ നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ല. സംവാദ പരിപാടിയുടെ സംഘാടനത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു.