പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
12 September 2022

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ലിസ്റ്റ് പ്രകാരം ഭേദഗതി നിയമം ചോദ്യം ചെയ്‌ത് മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ 200ലധികം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.

രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായ സിഎഎയുടെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുന്നത്. 2019 ഡിസംബറില്‍ റിട്ട് ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ ഹര്‍ജികളില്‍ പിന്നീട് വാദം കേള്‍ക്കല്‍ നടന്നിരുന്നില്ല. കേന്ദ്രം കോടതിയില്‍ ശക്തമായി എതിര്‍ത്തതിനാല്‍ നിയമം സ്റ്റേ ചെയ്‌തിരുന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്‌തിരിക്കുന്നത്.

1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസണ്‍സ് (അമെന്റ്‌മെന്റ്) ആക്‌ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാര്‍ലമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ 11-നാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ലക്ഷ്യമിട്ടായിരുന്നു ഭേദഗതി. ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.