മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്; വിഡി സതീശന്‍

single-img
14 April 2023

മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം ചിത്രീകരിച്ചതിന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപടി ഏകപക്ഷീയവും അപലപനീയവുമാണ്. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാര്‍ബണ്‍ കോപ്പിയാണ് സംസ്ഥാന സര്‍ക്കാരിന്റേയും നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ പിഎമാര്‍ക്കും ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന് നോട്ടിസ് നല്‍കിയിരുന്നു. മന്ത്രിമാരുടെയും ഭരണപക്ഷ എംഎല്‍എമാരുടേയും സ്റ്റാഫംഗങ്ങള്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് ബോധപൂര്‍വ്വം മറന്നതാണോ? അതോ മുഖ്യമന്ത്രിയെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു.

പുരപ്പുറത്ത് കയറി നിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച്‌ പറയുന്ന അതേ മുഖ്യമന്ത്രിയും സംഘവും തന്നെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ സംഘടന കൂടി ഈ വിഷയത്തില്‍ ഇടപെടണം. മാധ്യമങ്ങളേയും വിമര്‍ശകരേയും തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്നവരേയും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഭയമാണ്. അതുകൊണ്ടാണ് സഭാ ടിവിയെ സര്‍ക്കാര്‍ വിലാസം ടിവിയാക്കി അധപതിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ സഭാ ടിവി അവഗണിച്ചാല്‍ ആ ദൃശ്യങ്ങള്‍ നിയമം ലംഘിച്ചും പുറത്തെത്തിക്കും. സര്‍ക്കാരിന്റേയും നിയമസഭാ സെക്രട്ടേറിയറ്റിന്റേയും ഭീഷണി പ്രതിപക്ഷത്തോട് വേണ്ട. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.