കമ്പവലി, തീറ്റ മത്സരം എന്നിവയാണ് ഡി.വൈ.എഫ്.ഐ നടത്തുന്ന സാമൂഹ്യ പ്രവർത്തനം: കെ സുരേന്ദ്രൻ

single-img
20 April 2023

കമ്പവലി, തീറ്റ മത്സരം എന്നിവയാണ് ഡി.വൈ.എഫ്.ഐ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023ന് എതിരെ ഡി.വൈ.എഫ്.ഐ എന്തൊക്കെയോ പരിപാടികള്‍ നടത്താന്‍ പോകുന്നു എന്ന് കണ്ടെന്നും ഇവര്‍ക്ക് നിയമന നിരോധനവും പിന്‍വാതില്‍ നിയമനവുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു റെപ്രസെന്റേഷന്‍ കൊടുക്കാനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇന്ന് എറണാകുളത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ‘ഡി.വൈ.എഫ്.ഐ, പ്രധാനമന്ത്രിയുടെ യുവം പരിപാടിക്കെതിരെ എന്തോ നടത്താന്‍ പോകുന്നു എന്നു കണ്ടു. അതിനു പകരം ഏറ്റവും ചുരുങ്ങിയത് പിണറായി വിജയനെ കണ്ട് ഇവിടെ നടക്കുന്ന അഴിമതി, യുവജന കമ്മീഷന്‍ അടക്കം നടത്തുന്ന കൊള്ളകള്‍, നിയമന നിരോധനം ഇവയെക്കുറിച്ചെന്തെങ്കിലും ഒരു റപ്രസന്റെഷന്‍ പിണറായി വിജയന് കൊണ്ടുക്കൊടുക്കാന്‍ കഴിയുമോ? മുട്ടിടിയ്ക്കും അങ്ങോട്ട് ചെന്നാല്‍,’ സുരേന്ദ്രന്‍ പറഞ്ഞു.

ഇവിടെ ആകെ ഡി.വൈ.എഫ്.ഐ ചെയ്തു കൊണ്ടിരിക്കുന്നതെന്താ, കുറേ സ്ഥലത്ത് ചോറ് കൊടുക്കുന്നു എന്ന് പറയുന്നു, ചിലയിടത്ത് തീറ്റമത്സരം നടത്തുന്നു. ഞാന്‍ സംസ്ഥാനത്തെ പല സ്ഥലത്തും കണ്ടു, കമ്പവലി, തീറ്റ മത്സരം ഇതാണിപ്പോ ഡി.വൈ.എഫ്.ഐക്കാരുടെ സാമൂഹ്യപ്രവര്‍ത്തനം. ഇതല്ലാതെ എന്താണിപ്പോള്‍ ഡി.വൈ.എഫ്.ഐ കേരളത്തില്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇത്രയും നിലവാര തകര്‍ച്ചയിലേക്ക് നമ്മുടെ യുവസമൂഹത്തെ കൊണ്ടു പോകണോ എന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്,’ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിൽ യങ് ഇന്ത്യ, ആസ്‌ക് ദി പി.എം, പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ എന്ന പേരില്‍ ഏപ്രില്‍ 23, 24 തീയതികളില്‍ ഡി.വൈ.എഫ്.ഐ യുവജന സംഗമ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെ സുരേന്ദ്രന്റെ വിമര്‍ശനം.