സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോല്‍’ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിക്കും

single-img
25 May 2023

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനകം പ്രഖ്യാപിച്ചെങ്കിലും, പ്രധാനമന്ത്രി മോദി തന്നെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട്.

ബ്രിട്ടീഷ് സാമ്രാജ്യത്തെ അടിയറവ് പറയിച്ച ശേഷം നടന്ന അധികാര കൈമാറ്റ വേളയില്‍ പ്രഥമപ്രധാനമന്ത്രി ഏറ്റുവാങ്ങിയ, സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ പ്രതീകമായ ‘ചെങ്കോല്‍’ പുതിയ പാര്‍ലമെൻ്റ് മന്ദിരത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനം അഭിമാനവും ആഹ്ലാദവും നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോളരാജാക്കൻമാരുടെ കാലത്ത് ധര്‍മത്തിലധിഷ്ഠിതവും നീതിപൂര്‍ണവുമായ ഭരണത്തിൻ്റെ പ്രതീകമായിരുന്നു ചെങ്കോല്‍.

ധര്‍മ ഭരണത്തിൻ്റെ അടയാളമായ ചെങ്കോല്‍ സ്ഥാപനം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നത് നീതിനിഷ്ഠമായ ഭരണവും ഭരണാധികാരികളെയുമാണ്. ഒപ്പം ഭാരതത്തിൻ്റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തോടും സമ്ബന്നമായ പൈതൃകത്തോടും ഉള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരവിനെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം. പരമശിവന്‍റെ വാഹനമായ നന്ദികേശ്വരന്‍റെ മുഖം കൊത്തിയ, ഗംഗാജലത്തില്‍ അഭിഷേകം ചെയ്ത ശേഷം ഏറ്റുവാങ്ങിയ ചെങ്കോല്‍ മുദ്രയ്ക്ക് കീഴില്‍, മോദിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അഭിവൃദ്ധിയിലേക്ക്, ആത്മനിര്‍ഭരതയിലേക്ക് നമുക്ക് കൈകോര്‍ത്ത് നീങ്ങാമെന്നും അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു.

കൊളോണിയലിസത്തിന്‍റേയും അപമാനത്തിന്‍റേയും അവശിഷ്ടങ്ങളെ തൂത്തെറിഞ്ഞ് ഭാരതം ലോകത്തിനുമുന്നില്‍ സ്വാഭിമാനം വീണ്ടെടുക്കുകയാണ്. ഓരോ ഭാരതീയനും അഭിമാനിക്കാം ഈ സുവര്‍ണ്ണകാലത്ത് ഭാരതത്തില്‍ ജീവിക്കുന്നു എന്നതിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍ര് കെ സുരേന്ദ്രന്‍ പറഞ്ഞു.