ഗുസ്തി താരങ്ങള്‍ ദില്ലി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം മൂന്നാം ദിവസവും തുടരുന്നു

single-img
25 April 2023

ഗുസ്തി താരങ്ങള്‍ ദില്ലി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം മൂന്നാം ദിവസവും തുടരുന്നു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ 7 വനിതാ താരങ്ങള്‍ ദില്ലി പോലീസില്‍ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. നടപടി ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്താന്‍ ജനാധിപത്യ മഹിളാ ഫെഡറേഷന്‍. സമരക്കാരെ അനുനയിപ്പിക്കാനായി സായി പ്രതിനിധികള്‍ എത്തിയെങ്കിലും താരങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.

ഗുസ്തി ഫെഡറഷന്‍ തെരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. മെയ് ഏഴിന് നടക്കാന്‍ ഇരിക്കുന്ന ഫെഡറഷന്‍ തെരഞ്ഞെടുപ്പാണ് മാറ്റിവെച്ചത്. ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കായിക മന്ത്രാലയം നിര്‍ദേശിച്ചതെന്നാണ് വിവരം. ബ്രിജ് ഭൂഷന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

ഫെഡറേഷന്‍ നിര്‍വാഹക സമിതി തെരഞ്ഞെടുപ്പ് നടത്താന്‍ താത്കാലിക സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. താത്കാലിക സമിതി രൂപീകരിച്ച്‌ 45 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ നിര്‍വാഹക സമിതിയുടെ ചുമതലകള്‍ താല്‍ക്കാലിക സമിതി വഹിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.