റീൽസ് വിവാദം; ജീവനക്കാർക്ക് പിന്തുണയുമായി എൻ പ്രശാന്ത് ഐഎഎസ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/07/n-prashanth.gif)
തിരുവല്ല നഗരസഭയിൽ ജീവനക്കാർ ചെയ്ത വിവാദമായ റീൽസിൽ ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി മുൻ കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് ഐഎഎസ്. ഒരു ഞായറാഴ്ച ദിവസം റീലുണ്ടാക്കാനും പോസ്റ്റിടാനും പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമ പരിജ്ഞാനമെന്ന് എൻ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രശാന്തിന്റെ പിന്തുണ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഒമ്പത് മണിക്ക് മുന്നെയും, അഞ്ച് മണി കഴിഞ്ഞും ഞായറാഴ്ചയും മറ്റ് അവധിദിവസങ്ങളിലുമൊക്കെ കുറച്ച് സർക്കാറുദ്യോഗസ്ഥർ ജോലി ചെയ്യുന്നത് നിയമം അനുശാസിക്കുന്നത് കൊണ്ടല്ല. അസംബ്ലി കൂടിയിരിക്കുന്ന ഈ സമയത്ത് പല ഉദ്യോഗസ്ഥരും രാത്രി ഏറെവൈകിയാണ് ഓഫീസ് വിട്ട് പോകുന്നത്. ആ കുറച്ച് പേർക്ക് അങ്ങനെ തോന്നുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെയെങ്കിലും ഓടുന്നത്.
അങ്ങനെ ചട്ടങ്ങൾക്കപ്പുറം മനസ്സറിഞ്ഞ് ജോലി ആസ്വദിച്ച് ചെയ്യുന്നവർ ഒരോളത്തിൽ enjoy ചെയ്ത് പണിയെടുക്കട്ടെ. റീലുണ്ടാക്കാനും പോസ്റ്റിടാനും ഒരു ഞായറാഴ്ച ദിനത്തിൽ, പൊതുസ്ഥലത്ത് ഒരു പൗരന് അവകാശമുണ്ടെന്നാണെന്റെ പരിമിതമായ നിയമപരിജ്ഞാനം.
എത്രയോ ഉയർന്ന തസ്തികയിലിരിക്കുന്നവർ ജോലിസമയത്തും, ജോലിയുടെ പേരിലും, ജോലിസ്ഥലത്തും അല്ലാതെയും ചെയ്ത് കൂട്ടുന്നതിനെക്കാൾ നിരുപദ്രവകരമായ കാര്യവും ഏറെ നിലവാരം പുലർത്തുന്നതാണ് ഇവരുടെ കലാസൃഷ്ടി. അസൂയ, കുശുമ്പ്, പുച്ഛം – മലയാളിഗുണത്രയം.