രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു

single-img
1 October 2022

ന്യൂഡല്‍ഹി: രാജ്യത്ത് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 40 ശതമാനം വര്‍ധിപ്പിച്ചതോടെ, പ്രകൃതിവാതകത്തിന്റെ വില റെക്കോര്‍ഡ് നിലവാരത്തിലെത്തി.

ആഗോളതലത്തില്‍ പ്രകൃതിവാതകത്തിന്റെ വില വര്‍ധിക്കുന്നതിന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് വില ഉയര്‍ന്നത്.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും പഴയ എണ്ണപ്പാടങ്ങളില്‍ നിന്നാണ്. ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഒരു എംഎംബിടിയുവിന് 6.1 ഡോളറില്‍ നിന്ന് 8.57 ഡോളറായാണ് വര്‍ധിപ്പിച്ചത്. പുതിയ എണ്ണപ്പാടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില ഒരു എംഎംബിടിയുവിന് 9.92 ഡോളറില്‍ നിന്ന് 12.6 ഡോളറായാണ് ഉയര്‍ത്തിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019 ഏപ്രിലിന് ശേഷം ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. പ്രകൃതി വാതകത്തിന്റെ വില വര്‍ധിക്കുന്നതോടെ, പൈപ്പിലൂടെയുള്ള പാചകവാതകത്തിന്റെയും സിഎന്‍ജിയുടെയും വില വര്‍ധനയ്ക്ക് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ഒന്നിനും ഒക്ടോബര്‍ ഒന്നിനുമാണ് പ്രകൃതിവാതകത്തിന്റെ വില സര്‍ക്കാര്‍ നിര്‍ണയിക്കുന്നത്.