ഭക്ഷണം ലഭിക്കാൻ വൈകിയതിന്റെ പേരിൽ വഴിയോരക്കട അടിച്ചു തകർത്തു പൊലീസുകാര്‍; നടപടി

single-img
1 July 2023

നോയിഡ: ഭക്ഷണം ലഭിക്കാൻ വൈകിയതിന്റെ പേരിൽ വഴിയോരക്കട അടിച്ചു തകർത്തതിന്റെ പേരിൽ മൂന്ന് യുപി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സമൂഹമാധ്യമങ്ങളില്‍ പൊലീസുകാരുടെ അതിക്രമ വീഡിയോ വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് നേരിട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.

വ്യാഴാഴ്ചയായിരുന്നു പൊലീസുകാര്‍ നോയിഡ സെക്ടര്‍ 76 ലെ വഴിയോരക്കട അടിച്ച് തകര്‍ത്തത്. ഓംലൈറ്റ് ഓര്‍ഡര്‍ ചെയ്ത് ലഭിക്കാനുണ്ടായ കാലതാമസം ആയിരുന്നു പ്രകോപനം. പൊലീസ് ഔട്ട് പോസ്റ്റിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനനും എസ്ഐയും കോണ്‍സ്റ്റബിളും ചേര്‍ന്നാണ് കട തകര്‍ത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സോര്‍ഖ പൊലീസ് സ്റ്റേഷനിലെ ഓംപ്രകാശ് സിംഗ്, ആവേഷ് മാലിക്, മാനവേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പ് തല അന്വഷണത്തിന് പിന്നാലെ നടപടിയെടുത്തത്.

സംഭവത്തില്‍ വഴിയോരക്കട ഉടമ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച ഗ്രേറ്റര്‍ നോയഡയില്‍ 33 കാരനായ എന്‍ജിനിയറെ ആക്രമിച്ചതിന് പൊലീസുകാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ക്യാന്‍സര്‍ രോഗിയായ യുവാവിനെയാണ് പൊലീസുകാര്‍ തടഞ്ഞ് വച്ച് മര്‍ദ്ദിച്ചത്. 

ജൂണ്‍ രണ്ടാം വാരത്തില്‍ തമിഴ്നാട്ടില്‍ ചിക്കൻറെ ഗ്രേവി കിട്ടാൻ താമസിച്ചതിന് യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതച്ചതിന് പിന്നാലെ അറസ്റ്റിലായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെയായിരുന്നു മര്‍ദ്ദനം. ക്ഷുഭിതരായ യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു.