ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

single-img
25 October 2022

കൊച്ചി: കടവന്ത്രയിലെ ഉത്തരേന്ത്യന്‍ സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.

കൊലപാതകം നടത്തി ഭര്‍ത്താവ് രാം ബഹദൂര്‍ മുങ്ങിയെന്നാണ് പൊലീസ് നി​ഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും.

മഹാരാഷ്ട്ര സ്വദേശികളായ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാവാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ഭര്‍ത്താവിനെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. എന്നാല്‍ ഇയാളെ സംബന്ധിച്ച്‌ നിലവില്‍ പൊലീസിന് യാതൊരു വിവരവുമില്ല.

അയല്‍വാസികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ആര്‍ക്കു കൈമാറണമെന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല. കടവന്ത്ര എളംകുളത്തെ വീട്ടില്‍ ഇന്നലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒരു വയോധികയുടെ വീടിന് മുകള്‍ഭാഗത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. പരിസരത്ത് ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.