കൊച്ചി കോര്‍പറേഷന്‍ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു

single-img
16 March 2023

കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ കോര്‍പറേഷന്‍ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച ഉപരോധസമരം പോലീസ് ഇടപടെലിനേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. രാവിലെ ഒമ്ബതുണിക്ക് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് അഞ്ചുമണിവരെയാണ് ഉപരോധസമരം നടത്തുന്നത്

.

കോര്‍പറേഷന്‍ ഓഫീസിനുമുന്നില്‍ പന്തല്‍ കെട്ടിയാണ് ഉപരോധ സമരം നടത്തുന്നത്. നിരവധി പ്രവര്‍ത്തകര്‍ പുലര്‍ച്ചെ മുതല്‍ സ്ഥലത്തെത്തിയിരുന്നു. കോര്‍പറേഷനിലേക്ക് വരുന്ന ജീവനക്കാരെ അകത്തേക്ക് കയറ്റിവിടില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍. പുലര്‍ച്ചെതന്നെ സ്ഥലത്ത് പോലീസ് സന്നാഹവും ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസുമായി ചെറിയതോതില്‍ സംഘര്‍ഷാവസ്ഥയും രൂപപ്പെട്ടിരുന്നു.

കോര്‍പറേഷനിലേക്കെത്തുന്നവരെ കടത്തിവിടാനുള്ള നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമെന്ന് പോലീസ് നേരത്തെതന്നെ സമരക്കാരോട് വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെയാണ് വാക്കുതര്‍ക്കവും നേരിയതോതില്‍ സംഘര്‍ഷാവസ്ഥയും ഉടലെടുത്തത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തില്‍ മേയര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ കൗണ്‍സലര്‍മാര്‍ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് പ്രവര്‍ത്തകരെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായത്.