രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം


രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ബിജെപിക്കെതിരെ സംയുക്ത നീക്കവുമായി പ്രതിപക്ഷം.
സര്‍ക്കാരിന്‍റേത് ഏകാതിപത്യനടപടിയെന്ന് കോണ്‍ഗ്രസിനോട് വിയോജിച്ച് നിന്ന തൃണമൂല്‍ കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും കുറ്റപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടപടിയെ അപലപിച്ചു. രാഹുല്‍ പിന്നോക്ക വിഭാഗങ്ങളെ അപമാനിക്കുന്നു എന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ബിജെപിയുടെ പ്രതിരോധം.
പ്രതിപക്ഷത്തെ വേട്ടയാടാനുള്ള കേന്ദ്രനീക്കം, ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുന്നതിന്‍റെ പുതിയ ഉദാഹരണം. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ ബിജെപിക്കെതിരെ പ്രതിപക്ഷം ഒരുമിച്ച് നിന്നാണ് വിമര്‍ശനം തൊടുക്കുന്നത്. കോണ്‍ഗ്രസിനോട് വിയോജിപ്പിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മിപാര്‍ട്ടിയും സമാജ്‍വാദി പാര്‍ട്ടിയും, ഇടത്പാര്‍ട്ടികളുമെല്ലാം രാഹുലിന് ഐക്യദാര്‍ഡ്യമറിയിച്ചു. ജനാധിപത്യം അപകടത്തിലെന്ന ബാനര്‍ ഉയര്‍ത്തി പാര്‍ലമെന്‍റിന് പുറത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിലും യുപിഎ കക്ഷിക്കള്‍ക്കൊപ്പം ഇടത് എംപിമാരും ബിആര്‍എസും എഎപിയും പങ്കെടുത്തിരുന്നു.
മോദിയുടെ പുതിയ ഇന്ത്യയില്‍ ബിജെപിയുടെ ഉന്നം പ്രതിപക്ഷ നേതാക്കളാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. നടപടിയില്‍ ബിജെപിയെ കുറ്റപ്പെടുത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഏകാധിപത്യനീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആഹ്വാനം ചെയ്തു. മുന്‍പ് സമാജ്‍വാദിപാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടത്തിയ നീക്കമാണ് രാഹുല്‍ഗാന്ധിക്കെതിരെയും പ്രയോഗിക്കുന്നതെന്ന് അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. രാഹുലിനെ അയോഗ്യനാക്കിയ നടപടി ഞെട്ടിച്ചുവെന്ന് ദില്ലി മുഖ്യമന്ത്രി ട്വീറ്റ് ചെ്യതു. ഇന്ത്യയില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സമ്മര്‍ദ്ദത്തിലാണെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ വിമര്‍ശനം.
എന്നാല്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം രാജ്യവ്യാപക പ്രചാരണത്തിന് ഉപയോഗിക്കാനാണ് ബിജെപി നീക്കം. പിന്നാക്ക വിഭാഗത്തെ കള്ളന്‍മാരാക്കി മുദ്രകുത്താനാണ് രാഹുല്‍ ശ്രമിച്ചതെന്നാണ് ബിജെപി ആരോപണം. ജെപി നഡ്ഡ, ഭൂപേന്ദ്ര യാദവ്, അനുരാഗ് ഠാക്കൂര്‍ അടക്കമുള്ലവര്‍ രാഹുലിന്‍റെ പരാമര്‍ശത്തെിന് ഈ വ്യഖ്യാനം നല്കിയാണ് ഇന്ന് തിരിച്ചടിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ നേരത്തെ മമത ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നുില്ല. എന്നാല്‍ ഇപ്പോള്‍ ഇവര്‍ രാഹുലിന്‍റെ ചുറ്റും അണിനിരക്കുന്നത് സര്‍ക്കാര്‍ ക്യാംപിലും ആശങ്കയുണ്ടാക്കുന്നുണ്ട്. രാഹുലിനെ ശക്തമായി നേരിടുക എന്ന നരേന്ദ്ര മോദി അമിത് ഷാ നയമാണ് ഇപ്പോഴത്തെ നയങ്ങളില്‍ പ്രകടമാകുന്നത്.