പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും

single-img
7 August 2023

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്ന് ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ വരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സഭ ഇന്ന് പിരിയും. അരനൂറ്റാണ്ടിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി അംഗമല്ലാതെ കേരള നിയമസഭ സമ്മേളിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത.

മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ഇത്തവണത്തെ സമ്മേളനത്തില്‍ ചർച്ചയാകും. ഉന്നത വിജയം നേടിയിട്ടും മലബാറിലെ വിദ്യാർത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റ് ലഭിക്കാതിരുന്നതും,മുതലപ്പൊഴിയിലെ നിരന്തരമായി അപകടവും എല്ലാം പ്രതിപക്ഷം ഉയർത്തും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ബില്‍, അബ്കാരി ഭേദഗതി ബില്‍ അടക്കം 15 ബില്ലുകളാണ് സമ്മേളനം പരിഗണിക്കുന്നത്.

മിത്ത് വിവാദത്തിൽ സ്പീക്കർക്ക് എതിരെ എന്ത് നിലപാട് സ്വീകരിക്കും എന്നത് ഇന്ന് ചേരുന്ന യു ഡി എഫ് പാർലമെന്‍ററി പാർട്ടി യോഗം തീരുമാനിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍ എസ് എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്. സ്പീക്കർ തിരുത്തണ മെന്ന ആവശ്യം യു ഡി എഫ് ഉന്നയിക്കുന്നതിനിടെ ആണ് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്. മിത്ത് വിവാദം സജീവമാക്കി സഭയില്‍ ഉയർത്തണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം യു ഡി എഫ് എടുത്തിട്ടില്ല. മിത്ത് വിവാദത്തിൽ മാപ്പ് പറയാൻ ഇതുവരെയും തയ്യാറാകാത്ത സ്പീക്കർ സഭ നിയന്ത്രിച്ചാൽ സഹകരിക്കുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും വി മുരളീധരൻ അടക്കമുള്ള ബി ജെ പി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തുട്ടുണ്ട്. വിഷയത്തിൽ ബി ജെ പി കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമസഭക്ക് മുന്നിൽ നാമ ജപ യാത്ര നടത്താൻ  ബി ജെ പി തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിവാദത്തിൽ സ്പീക്കറെ പൂർണമായി പിന്തുണക്കാൻ ആണ് ഭരണ പക്ഷ നിലപാട്.