അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹം; 2024ലും ബിജെപിക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകും: പ്രധാനമന്ത്രി

single-img
10 August 2023

മണിപ്പുരിൽ നടക്കുന്ന വർഗീയ സംഘർഷ അക്രമസംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് തന്റെ സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്.

”അവിശ്വാസ പ്രമേയം കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിനുള്ള പരീക്ഷണമാണ്. അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവാനുഗ്രഹമായി കാണുന്നു. 2024ലും ബിജെപിക്കു റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയമുണ്ടാകും. ജനക്ഷേമ പദ്ധതികള്‍ പാസാക്കാനുള്ള സമയമാണു പ്രമേയത്തിന്റെ ചര്‍ച്ചയിലൂടെ പാഴാക്കിക്കളഞ്ഞത്.

നമ്മുടെ രാജ്യത്തെ പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണ്. തോൽവി ഉറപ്പായിട്ടും ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം പ്രതിപക്ഷത്തോട് ‘അവിശ്വാസം’ കാണിച്ചു. പ്രതിപക്ഷത്തിനു രാജ്യത്തേക്കാള്‍ വലുത് പാര്‍ട്ടിയാണ്. പ്രമേയം അവതരിപ്പിക്കാന്‍ പഠിച്ച് തയാറെടുത്തു വന്നു കൂടെ?

ശരിയായി ഗൃഹപാഠം പോലും നടത്താതെയാണു പ്രതിപക്ഷം വന്നത്. അഴിമതിപ്പാര്‍ട്ടികള്‍ ഇപ്പോള്‍ ഒന്നായിരിക്കുന്നു. രാജ്യത്തെ സുപ്രധാന നിയമനിര്‍മാണങ്ങളില്‍നിന്ന് വിട്ടുനിന്ന് പ്രതിപക്ഷം ജനങ്ങളെ വഞ്ചിച്ചു. കേരളത്തിലെ എംപിമാര്‍ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നാണ് മോദിയുടെ വിമര്‍ശനം. അവര്‍ക്കു രാഷ്ട്രീയമാണു വലുത്.

അവിശ്വാസ പ്രമേയം കേന്ദ്ര സർക്കാരിന് ഗുണകരമാണ്. ദരിദ്രരുടെ വിശപ്പിനെക്കാള്‍ പ്രതിപക്ഷത്തിന് വലുത് അധികാരത്തിന്റെ വിശപ്പാണ്. രാഷ്ട്രീയമാണ് അവര്‍ക്ക് വലുതെന്ന് മോദി പറഞ്ഞു.അവിശ്വാസപ്രമേയമെന്ന നോബോള്‍ ആവര്‍ത്തിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ പ്രതിപക്ഷം നോബോള്‍ എറിയുന്നു, സര്‍ക്കാരാകട്ടെ സെഞ്ചറി അടിക്കുന്നു.- അദ്ദേഹം പറഞ്ഞു.