മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാം; വിവാദ പ്രസ്താവനയുമായി വി. മുരളീധരന്‍

single-img
17 September 2022

ദുബൈ: മലയാളികള്‍ മഹാബലിയെ ദത്തെടുത്തതാകാമെന്ന പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വെള്ളിയാഴ്ച ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ച ഓണാഘോഷച്ചടങ്ങ്​ ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നു എന്നാണ് ഐതിഹ്യം -മന്ത്രി പറഞ്ഞു. ബി.ജെ.പി അനുകൂല സംഘടനയുമായി സഹകരിച്ച്‌​ സംഘടിപ്പിച്ച ഓണാഘോഷത്തിലാണ്​ മുരളീധരന്‍ പരാമര്‍ശം നടത്തിയത്​.

വിമാനയാത്രാ നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ചടങ്ങിന്​ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു. ഓരോ സീസണിലും യാത്രക്കാരെ പിഴിയുന്ന വിമാനകമ്ബനികളുടെ കൊള്ള അവസാനിപ്പിക്കും. നിരക്ക് വര്‍ധന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ല.

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടും. ഇതിലൂടെ അമിതമായ നിരക്ക് വര്‍ധനവ് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യ യു.എ.ഇ സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാര്‍ വിപുലീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും കോണ്‍സുലേറ്റ്​ ഉദ്യോഗസ്ഥരും ചടങ്ങില്‍ പ​ങ്കെടുത്തു.