ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം തയ്യാറാക്കുന്നത് കണ്ണൂരിൽ നിന്ന്

single-img
19 October 2023

ഇസ്രായേൽ പോലീസ് ഇടുന്ന യൂണിഫോം കണ്ണൂരിലെ ‘മരിയൻ അപ്പാരൽ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിലുള്ള വസ്ത്രനിർമാണ കമ്പനി തയ്യാറാക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി ഇസ്രായേൽ പോലീസിന് യൂണിഫോം ഇവർ തയ്യാറാക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഒരു ലക്ഷം യൂണിറ്റ് യൂണിഫോമുകളാണ് ഇവർ നിർമിക്കുന്നത്.

ഇസ്രായേളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഗുണനിലവാര പരിശോധന നടത്താൻ എല്ലാ വർഷവും ഫാക്ടറി സന്ദർശിക്കാറുണ്ട്. മഹാരാഷ്ട്രയിലെ മുംബൈയിൽ താമസിക്കുന്ന തോമസ് ഓലിക്കൽ എന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാക്ടറി. എട്ട് വർഷം മുൻപാണ് ഇസ്രായേൽ യൂണീഫോം നിർമാണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതെന്നും അപ്പോൾ മുതൽ തങ്ങളുടെ ഫാക്ടറിയിൽ അവർക്കായി യൂണിഫോം തയ്യാറാക്കി വരികയാണെന്നും ഫാക്ടറിയുടെ മാനേജർ ഷിജിൻ കുമാർ പറഞ്ഞു.

”ഫിലിപ്പിയൻ ആർമിക്കും കുവൈറ്റിലെ സർക്കാർ ഉദ്യോഗസ്ഥർക്കും ഞങ്ങൾ മുൻപ് യൂണിഫോം തയ്യാറാക്കി നൽകിയിരുന്നു. പിന്നീടാണ് ഇസ്രയേലിൽ നിന്ന് അന്വേഷണം വന്നത്. കരാറിൽ ഒപ്പിടുന്നതിനു മുൻപ് ഇസ്രായേൽ പോലീസിലെ ഉദ്യോഗസ്ഥർ കേരളത്തിലെത്തി ഫാക്ടറി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിച്ചിരുന്നു”, ഷിജിൻ ഇന്ത്യാ ടുഡേയോട് പറഞ്ഞു. എല്ലാ വർഷവും തങ്ങൾക്ക് ലഭിക്കുന്ന ഓർഡർ വിജയകരമായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ കേരളാ ഔട്ട്‌ലെറ്റ് നേരത്തെ തിരുവനന്തപുരത്തായിരുന്നുവെങ്കിലും പിന്നീട് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഈ ഫാക്ടറിയിൽ 1,500 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. അവരിൽ 95 ശതമാനത്തിലധിവും സ്ത്രീകളാണ്. എല്ലാ ജീവനക്കാർക്കും കമ്പനി പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.