നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഒപ്പിട്ട് ഗവർണ്ണർ

single-img
21 September 2022

തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു.

എന്നാല്‍, വിവാദമായത് ഒഴികെയുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന.

ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള ബില്ലുകളോട് വിയോജിപ്പില്ലെങ്കിലും ബന്ധപ്പെട്ട മന്ത്രിമാരോ സെക്രട്ടറിമാരോ വിശദീകരിച്ചാല്‍ മാത്രമേ ഒപ്പുവയ്ക്കൂ എന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. വിവാദമായ ലോകായുക്ത, സര്‍വകലാശാലാ നിയമ ഭേദഗതികളില്‍ ഒപ്പുവയ്ക്കില്ലെന്നു നേരത്തേ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 12 ബില്ലുകളാണ് പാസാക്കിയത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിട്ട നിയമം റദ്ദാക്കിയതിനു ഗവര്‍ണര്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള 11 എണ്ണത്തില്‍ അഞ്ചെണ്ണത്തിനാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.