സർക്കാർ മദ്യത്തിന് നികുതിയിളവ് വരുത്തിയത് സ്വകാര്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടി: പിണറായി വിജയൻ

single-img
23 June 2026

യുഡിഎഫ് സർക്കാർ ആദ്യ ബജറ്റിൽത്തന്നെ മദ്യത്തിന് നികുതിയിളവ് വരുത്തിയത് സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ. സാധാരണക്കാർക്കോ മനുഷ്യർക്കോ വേണ്ടിയുള്ള ഒന്നല്ല ഈ നിർദ്ദേശമെന്നും ഇതിന്റെ ​ഗുണഭോക്താവ് എല്ലാവർക്കും അറിയാവുന്നതുപോലെ കർണാടകയിലെ ഒരു മദ്യ കമ്പനിയാണ് എന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ മദ്യ കമ്പനിയായ ബക്കാർഡിക്ക് വേണ്ടിയുള്ളതാണ് ഈ നീക്കം. നമ്മുടെ യുവാക്കളെ ലഹരിയിലേക്ക് തള്ളിവിടുന്നതിനു വേണ്ടിയുള്ള നീക്കമാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബക്കാർഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2023ലാണ് നികുതി വകുപ്പിന് അപേക്ഷ നൽകുന്നത്.

എന്നാൽ ആ സർക്കാർ ഇത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്ന മെയ് 21ന് ഏഴ് ഉദ്യോഗസ്ഥർ ശരവേഗത്തിൽ ഫയൽ കണ്ടു. എന്താണ് ഇത്ര വേഗമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൃത്യമായ അഴിമതിയാണ് ഇതെന്നും അത് ചർച്ചചെയ്യാൻ സർക്കാരിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് അറിയാമെന്നും കൂട്ടിച്ചേർത്തു.

അതേസമയം മദ്യത്തിന്റെ നികുതിയിളവ് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്.