മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു

single-img
18 July 2023

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കോൺഗ്രസ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ്സ്  ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക്  (ജൂലൈ 24 )മാറ്റിവെച്ചു. ജില്ല ,ബ്ലോക്ക് , മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശിച്ചു. 

കേരളരാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവ് ഉമ്മൻ‌ചാണ്ടിയുടെ വിടവാങ്ങലിന്റെ വേദനയിലാണ് രാഷ്ട്രീയ കേരളം. അർബുദ രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25 ന് ആയിരുന്നു. മൃതദേഹം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും. കെപിസിസി ആസ്ഥാനത്തും ദർബാർ ഹാളിലും പൊതുദർശനമുണ്ടാകും. മറ്റന്നാൾ പുതുപ്പള്ളിയിലെ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തെരിയിലാണ് സംസ്കാരം. തിരുവനന്തപുരത്തുനിന്ന് വിലാപയാത്രയായി മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോഴത്തെ ആലോചന. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.