മുഖ്യമന്ത്രിക്ക് തൊണ്ടവേദന;വിഴിഞ്ഞം സെമിനാറിൽ പങ്കെടുക്കാത്ത കാരണം വ്യക്തമാക്കി ധനമന്ത്രി

single-img
29 November 2022

തിരുവനന്തപുരം: വിഴിഞ്ഞം സെമിനാര്‍ ഉദ്ഘ്ടനം ചെയ്ത് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിക്ക് തൊണ്ടവേദന ആയത് കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ബാലഗോപാല്‍ വിശദീകരിച്ചു.

മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നതാണ്, എത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് വന്നുവെന്നും അത് സംബന്ധിച്ച്‌ വിവാദങ്ങള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും കൂട്ടിയോജിപ്പിച്ച്‌ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണം എന്ന് ധനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആശങ്കകള്‍ അകറ്റണം, എന്നാല്‍ സ്പര്‍ദ്ധ ഉണ്ടാക്കരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചുണ്ടിനും കപ്പിനും ഇടയില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുമ്ബോള്‍ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വിഴിഞ്ഞം സീ പോര്‍ട്ട് കമ്ബനി മസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എന്‍ ബാലഗോപാല്‍. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അസാനിധ്യത്തില്‍ പകരം ധനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. ശശി തരൂരും പരിപാടിയില്‍ പങ്കെടുത്തില്ല. ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ലെന്നായിരുന്നു ശശി തരൂരിന്‍റെ ഓഫീസ് നല്‍കി വിശദീകരണം. സമരം സംഘര്‍ഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിച്ചത്.