ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

single-img
4 May 2023

ഗുസ്തിതാരങ്ങളുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ കോടതി കൂടുതല്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്.

പരാതിക്കാര്‍ക്ക് എന്തെങ്കിലും വിഷയം ഉയര്‍ന്നാല്‍ മജിസ്ട്രേറ്റിനെയോ ഹൈക്കോടതിയെയോ സമീപിക്കാം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനായിരുന്നു ഹര്‍ജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബ്രിജ് ഭൂഷണിനു വേണ്ടി ഹരീഷ് സാല്‍വെയാണ് ഹാജരായത്. തന്നെ കക്ഷി ചേര്‍ക്കാതെയാണ് ഹര്‍ജി നല്‍കിയതെന്ന് ബിജെപി എംപി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗ് വാദിച്ചു. അതേസമയം, പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയെന്ന് കേന്ദ്രം അറിയിച്ചു. എന്നാല്‍ മജിസ്ട്രേറ്റിനു മുമ്ബാകെയുള്ള മൊഴി രേഖപ്പെടുത്തിയോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്കും കേസിലെ മറ്റു പരാതിക്കാര്‍ക്കും സുരക്ഷ നല്‍കിയെന്നും കേന്ദ്രം അറിയിച്ചു.

നിയമപ്രകാരം മൊഴി രേഖപ്പെടുത്തിയത് 4 പേരുടെ മാത്രമാണെന്ന് പരാതിക്കാര്‍ പറഞ്ഞു. ബ്രിജ്ഭൂഷണ്‍ എല്ലാ ദിവസവും ടിവിയില്‍ സംസാരിച്ച്‌ താരമാകുന്നു. പരാതിക്കാരുടെ പേര് ബ്രിജ്ഭൂഷണ്‍ വിളിച്ചു പറയുന്നു. കോടതി ഉത്തരവ് നല്‍കുന്നുവെന്നും പരാതിക്കാര്‍ പറഞ്ഞു.

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പൊലീസ് സുരക്ഷാ വിന്യാസം ശക്തമാക്കി. ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലീസ് ബാരിക്കേട് വെച്ച്‌ തടഞ്ഞു. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട. ഇയാളെ ചികിത്സിക്കാന്‍ പൊലീസ് സമര പന്തലില്‍ എത്തി. അതിക്രമം എന്തിനെന്ന് പോലീസ് മറുപടി പറയണമെന്ന് ബജ്റംഗ് പൂനിയ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. വനിതാ താരങ്ങളോട് അടക്കം മോശമായി പെരുമാറി. നനഞ്ഞ കിടക്ക മാറ്റുന്നതിന് എതിരെയാണ് പൊലീസ് നടപടിയുണ്ടായത്. രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. സമരം ശക്തമായി തുടരും. ഇന്ന് നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും ബജ്റംഗ് പൂനിയ പറഞ്ഞു.