പോരുകോഴികളെ വിറ്റത് പൊന്നുവിലയ്ക്ക്; സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ

single-img
11 March 2023

മഞ്ചേശ്വരം: നാട്ടിലെ കോഴി വില 100ല്‍ താഴെ എത്തി നില്‍ക്കുമ്ബോള്‍ കാസര്‍കോട് ഒരു കോഴി വിറ്റു പോയത് 3640 രൂപയ്ക്ക്.

കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുറ്റത്ത് നടന്ന ലേലത്തിലാണ് കോഴികളെ പൊന്നുവിലയ്ക്ക് വിറ്റത്. കോഴിപ്പോരു കേന്ദ്രത്തില്‍ നിന്ന് ‘തൊണ്ടിമുതലാ’യി പിടിച്ചെടുത്ത പോരുകോഴികളെയാണ് ലേലം ചെയ്തത്.

ഒന്നും രണ്ടുമല്ല, 17 പോരുകോഴികളാണ് ഇന്നലെ കോടതി മുറ്റത്ത് നിരന്നുനിന്നത്. കര്‍ണാടകയോടു ചേര്‍ന്നുള്ള കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍ പടത്തൂര്‍ പാടങ്കര ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിലെ കോഴിപ്പോരു കേന്ദ്രത്തില്‍ നിന്നാണു ഇവയെ പിടിച്ചെടുത്തത്. പണം പന്തയം വച്ച്‌ കോഴിക്കെട്ട് ചൂതാട്ടം നടത്തുന്ന ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 20,550 രൂപയും പിടിച്ചെടുക്കുകയും ചെയ്തു.

31,930 രൂപയാണ് കോഴികളെ ലേലത്തില്‍ വിറ്റ വകയില്‍ ലഭിച്ചത്. പോരിലെ വീരനായ ഒരു പൂവന്‍ വിറ്റുപോയത് 3640 രൂപയ്ക്കാണ്. ഏഴ് കോഴികള്‍ക്ക് 2,500നും 2800നും ഇടയ്ക്ക് വില ലഭിച്ചു. ഒരു കോഴിക്ക് ലേലത്തില്‍ ലഭിച്ച ഏറ്റവും കുറഞ്ഞ വില 750 രൂപയാണ്. ലേലം വഴി മാത്രം 31,930 രൂപയാണ് ലഭിച്ചത്. അങ്ങനെ കോഴിപ്പോര് വകയില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ രൂപയാണ്.