മാവേലി സ്റ്റോ‌ര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ

single-img
31 January 2023

പത്തനംതിട്ട : കലഞ്ഞൂരില്‍ മാവേലി സ്റ്റോ‌ര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ.

പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തിയതിന്നാരോപിച്ചാണ് കെട്ടിട ഉടമയുടെ നടപടി. ഇതോടെ മാവേലി സ്റ്റോറിലെ വനിത ജീവനക്കാര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് പൊലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. രാവിലെ 9.30 ന് തുറക്കുന്ന മാവേലി സ്റ്റോര്‍ അടയ്ക്കുന്നത് രാത്രി ഏഴ് മണിക്കാണ്. പത്ത് മണിക്കൂറോളം നാല് സ്ത്രീകളാണ് ഇവിടെ വിശ്രമില്ലാതെ ജോലി ചെയ്യുന്നത്. ഇതിനിടെ ഒന്ന് ബാത്ത് റൂമില്‍ പോകണമെന്ന് വിചാരിച്ചാല്‍ ഒന്നും നടക്കാത്തതാണ് നിലവിലെ സാഹചര്യം. തൊഴിലിടങ്ങളില്‍ ശുചിമുറികള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്ബോഴാണ് ഉള്ള ശുചിമുറി കൂടി അടച്ചുപൂട്ടിയിരിക്കുന്നത്.

ജനുവരി മൂന്നാം തിയതിയാണ് കെട്ടിട ഉടകളിലൊരാളായ സുരേഷ് കുമാര്‍ എത്തി ശുചിമുറി പൂട്ടി താക്കോലുമായി പോയത്. അന്ന് മുതല്‍ ജീവനക്കാ‍ര്‍ ദുരിതത്തിലാണ്. ആദ്യമൊക്കെ തൊട്ടടുത്തള്ള അംഗനവാടി കെട്ടിടത്തിലെ ടോയ്ലെറ്റ് സൌകര്യം ഉപയോഗിച്ചു. നാല് പേരുടെ ഉടസ്ഥതയിലുള്ള കെട്ടിടം രണ്ട് വര്‍ഷം മുമ്ബാണ് മാവേലി സ്റ്റോര്‍ പ്രവര്‍ത്തനത്തിനായി വാടകയ്ക്ക് കൊടുത്തത്. 15,000 രൂപയാണ് കരാര്‍ പ്രകാരമുള്ള വാടക. എന്നാല്‍ കഴി‍ഞ്ഞ 13 മാസമായി വാടക കിട്ടുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കലഞ്ഞൂര്‍ പഞ്ചായത്തും സപ്ലൈക്കോയും ചേര്‍ന്നാണ് വാടക നല്‍കേണ്ടത്. പ്രതിദിനം ഒന്നര ലക്ഷം രൂപയാണ് മാവേലി സ്റ്റോറില്‍ നിന്നുള്ള വരുമാനം. എന്നിട്ടും വാടക മുടക്കം വരുന്നതിന്റെ കാരണം ചോദിക്കുമ്ബോള്‍ ഉടന്‍ കൊടുക്കുമെന്നതല്ലാതെ കൃത്യമായ മറുപടി പഞ്ചായത്തിനും സപ്ലൈക്കോക്കും ഇല്ല. വാടക പ്രശ്നം കൊണ്ട് ദുരിതത്തിലായിരിക്കുന്നത് ജീവനക്കാരാണ്.