നടപടികളുടെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ല;സന്‍സദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസ്സം; വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌

single-img
18 March 2023

സഭ നടപടികളുടെ സംപ്രേക്ഷണം തടസപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി ലോക്‌സഭ സെക്രട്ടേറിയറ്റ്‌.

സന്‍സദ് ടിവിയുടെ ശബ്‌ദം പോയത് സാങ്കേതിക തടസത്തെ തുടര്‍ന്നാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷം പ്രതിഷേധിച്ച്‌ നടുത്തളത്തിലിറങ്ങി. ലണ്ടനില്‍ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് ഭരണപക്ഷവും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും ഉന്നയിച്ചതോടെ സഭ ശബ്‌ദമുഖരിതമായി. ഇതിന് പിന്നാലെയാണ് സന്‍സദ് ടിവി സംപ്രേഷണം ചെയ്‌ത സഭ നടപടികള്‍ക്ക് ശബ്‌ദം പോയത്.


‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സന്‍സദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ”പണ്ടൊക്കെ മൈക്ക് ആയിരുന്നു ഓഫ് ആക്കിയിരുന്നത്. ഇപ്പോള്‍ സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവന്‍ ശബ്ദമില്ലാതെയാണ് കാണിക്കുന്നത്. മോദിയുടെ സുഹൃത്തിനുവേണ്ടിയാണ് നിശബ്ദമാക്കിയത്” – കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.