മകൻ ബുദ്ധമതക്കാരിയായ യുവതിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതിനെ തുടർന്ന് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി

single-img
18 August 2023

ലേ: മകൻ ബുദ്ധമതക്കാരിയായ യുവതിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതിനെ തുടർന്ന് മുതിർന്ന നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി ബിജെപി. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് സംഭവം. ലഡാക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നസീർ അഹമ്മദിനെ (74)യാണ് ബിജെപി പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. പാർട്ടി നേതാവിന്‍റെ മകന്‍റെ ഒളിച്ചോട്ടം വിവാദമായതോടെ ബിജെപി നേതൃത്വം നസീർ അഹമ്മദിനോട് വിശദീകരണം ചോദിച്ചിരുന്നു.  നസീർ അഹമ്മദ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടിയെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. 

ലഡാക്ക് ബിജെപി അധ്യക്ഷൻ ഫഞ്ചോക്ക് സ്റ്റാൻസിനാണ് മുതിർന്ന നേതാവിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ച ചേർന്ന പാർട്ടി എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. പ്രദേശത്തെ ജനങ്ങൾക്കിടയിലുള്ള സാമുദായിക ഐക്യം അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇതെന്നും അതിനാലാണ്   നപടിയെന്നു ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒരു മാസം മുമ്പാണ് ബിജെപി നേതാവിന്‍റെ മകൻ മൻസൂർ ബുദ്ധമതക്കാരിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

തന്റെ മകൻ മൻസൂർ അഹമ്മദും ബുദ്ധമതക്കാരിയായ യുവതിയുമായുള്ള വിവാഹത്തിന് കുടുംബം എതിരാണെന്നും കഴിഞ്ഞ ഒരു മാസമായി അവർ എവിടെയാണ് താമസിക്കുന്നതെന്ന് അറിയില്ലെന്നും നസീർ അഹമ്മദ് പറഞ്ഞു. താൻ   ഹജ് തീർഥാടനത്തിനു പോയപ്പോഴാണ് സംഭവം. മകനും യുവതിയും കോടതിയിൽ വച്ചാണ് വിവാഹിതരായത്. ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും നസീർ അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘മകന് 39 വയസ്സ്, അവൻ വിവാഹം കഴിച്ച സ്ത്രീക്ക് 35 വയസും. ഇരുവരും 2011ൽ നിക്കാഹ് നടത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കഴിഞ്ഞ മാസം, ഞാൻ ഹജ് തീർഥാടനത്തിന് പോയപ്പോൾ അവർ കോടതിയിൽവച്ച് വിവാഹം നടത്തുകയായിരുന്നു’. മകനെ കണ്ടെത്താനായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്   രാജിവയ്ക്കാൻ പാർട്ടി തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും നസീർ അഹമ്മദ് പറഞ്ഞു.  ഞാനും കുടുംബം മുഴുവനും  മകന്‍റെ വിവാഹത്തിന് എതിരാണ്. അത് പാർട്ടിക്കും അറിയാം, എന്നിട്ടും അവർ എന്നെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും  നസീർ അഹമ്മദ് പറഞ്ഞു.