സ്ത്രീകൾ 80 ശതമാനം വരെ ശരീരം മറയ്ക്കണം; ഉത്തരാഖണ്ഡിലെ ക്ഷേത്രങ്ങളിൽ അനുചിതമായ വസ്ത്രം ധരിച്ച ഭക്തർക്ക് വിലക്ക്

single-img
5 June 2023

ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഋഷികേശ്, ഡെറാഡൂൺ ജില്ലകളിലെ ക്ഷേത്ര അധികാരികൾ ഉചിതമായ വസ്ത്രം ധരിക്കാത്ത ഭക്തർക്ക് നിരോധനം ഏർപ്പെടുത്തി. ദക്ഷ് പ്രജാപതി മന്ദിർ (ഹരിദ്വാർ), തപ്‌കേശ്വർ മഹാദേവ് മന്ദിർ (ഡെറാഡൂൺ), നീലകണ്ഠ് മഹാദേവ് മന്ദിർ (ഡെറാഡൂൺ), നീലകണ്ഠ് മഹാദേവ് മന്ദിർ (ഹരിദ്വാർ) എന്നിവിടങ്ങളിൽ “അനുചിതവസ്ത്രധാരികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും” പ്രവേശനത്തിന് ഔപചാരികമായ വിലക്ക് ഏർപ്പെടുത്തിയതായി മഹാനിർവാണി പഞ്ചായത്ത് അഖാര സെക്രട്ടറി മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.

80 ശതമാനം വരെ ശരീരം മറച്ച സ്ത്രീകൾക്ക് മാത്രമേ ഈ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിയൂ എന്ന് അഖില ഭാരതീയ അഖാര പരിഷത്ത് അധ്യക്ഷൻ കൂടിയായ പുരി പറഞ്ഞു. മഹാനിർവാണി പഞ്ചായത്ത് അഖാരയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ ക്ഷേത്രങ്ങളിൽ നിരോധനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു. മഹാനിർവാണി പഞ്ചായത്ത് അഖാരയിൽ ദഷ്‌നം നാഗ ദർശകർ ഉൾപ്പെടുന്നു.