ഇറാനില്‍ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
18 December 2022

ടെഹ്റാന്‍: ഇറാനില്‍ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

രാജ്യത്ത് നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌യെ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഓസ്‌കര്‍ പുരസ്കാരം നേടിയ “ദ സെയില്‍സ്മാന്‍” എന്ന ചിത്രത്തിലെ നായികയാണ് ഇവര്‍. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രകോപനപരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് മറ്റ് നിരവധി ഇറാനിയന്‍ സെലിബ്രിറ്റികളെയും ജുഡീഷ്യറി ബോഡി വിളിപ്പിച്ചിട്ടുണ്ടെന്നും ഐആര്‍എന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹ്സിന്‍ ഷെക്കാരിയെ വധശിക്ഷക്ക് വിധേയമാക്കിയതിനെതിരെയാണ് 38 കാരിയായ നടി രംഗത്തെത്തിയത്. രക്തച്ചൊരിച്ചില്‍ കണ്ടിട്ടും നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണെന്നും നടി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 2020 ജൂണില്‍, ശിരോവസ്ത്രം നീക്കിയ സ്ത്രീയെ ആക്രമിച്ചതിന് 2018 ല്‍ ട്വിറ്ററില്‍ പൊലീസിനെ വിമര്‍ശിച്ചതിന് അവള്‍ക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. ദ ബ്യൂട്ടിഫുള്‍ സിറ്റി, എബൗട്ട് എല്ലി എന്നിവയാണ് അലിദൂസ്തി അഭിനയിച്ച മറ്റ് സിനിമകള്‍.

സുരക്ഷാ സേനയിലെ അംഗത്തെ ആക്രമിച്ചെന്ന കുറ്റത്തിനാണ് ഷെക്കാരിയെ ഡിസംബര്‍ ഒമ്ബതിന് വധശിക്ഷക്ക് വിധേയമാക്കിയത്. പിന്നാലെ മദീജ് റെസ റഹ്‌നവാര്‍ദിനെയും വധിച്ചു. കുറ്റാരോപിതരായ ഇരുവരെയും ഒരു മാസത്തിനുള്ളില്‍ ഇരുവരെയും വധിച്ചു. സെപ്റ്റംബറില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ അലിദൂസ്തി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നേരത്തെയും പോസ്റ്റുകള്‍ അപ്ലോഡ് ചെയ്തിരുന്നു. ഏകദേശം 80 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അവളുടെ അക്കൗണ്ട് ഞായറാഴ്ച സസ്പെന്‍ഡ് ചെയ്തു.