രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ 18 പേരുടെ കാഴ്‌ച നഷ്‌ടപ്പെട്ടെന്ന് പരാതി

single-img
11 July 2023

രാജസ്ഥാനിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം 18 പേരുടെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെട്ടതായി പരാതി. രോഗം ബാധിച്ചവരെ കഴിഞ്ഞ മാസം എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാരിന്റെ പദ്ധതികളിലൊന്നായ ചിരഞ്ജീവി ഹെൽത്ത് സ്‌കീമിന് കീഴിലാണ് ചികിത്സ നടന്നത്. എന്നാൽ, ചില രോഗികൾ കടുത്ത കണ്ണ് വേദനയെക്കുറിച്ച് പരാതിപ്പെട്ടതിനെത്തുടർന്ന്, അവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ, ഈ രോഗികളെ വീണ്ടും ശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയിട്ടും (ചില സന്ദർഭങ്ങളിൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മൂന്ന്‌ പ്രാവശ്യം) അവർക്ക്‌ നഷ്‌ടപ്പെട്ട കാഴ്‌ച വീണ്ടെടുക്കാൻ കഴിഞ്ഞില്ല. “ഒരു കണ്ണ് കൊണ്ട് ഒന്നും കാണാൻ കഴിയില്ല. വേദനയും കണ്ണിൽ നിന്ന് നീരൊഴുക്കുമുണ്ട്. ഇത് അണുബാധയാണെന്നും സാവധാനം ശരിയാകുമെന്നും ഡോക്‌ടർ പറഞ്ഞു” രോഗിയായ ചന്ദാ ദേവി ഒരു മാധ്യമത്തിനോട് പറഞ്ഞു.

അതേസമയം, രോഗികളുടെ ബന്ധുക്കളിൽ പലരും മെഡിക്കൽ സ്‌റ്റാഫിന്റെ മോശം പെരുമാറ്റത്തെ കുറിച്ചും, രോഗികളുടെ അവസ്ഥ കാര്യമായി എടുത്തില്ലെന്നും, വേദനയുണ്ടെങ്കിലും രോഗികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ നിർബന്ധിച്ചുവെന്നും ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു.

“ഡോക്‌ടറുടെ ഭാഗത്ത് ഒരിക്കലും വീഴ്‌ചയുണ്ടായിട്ടില്ല. സംഭവത്തിൽ മൈക്രോബയോളജി അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. അത് പൂർത്തിയായ ശേഷം ബാക്കി പറയാം” എസ്എംഎസ് ഹോസ്‌പിറ്റലിലെ ഒഫ്‌താൽമോളജി വിഭാഗം എച്ച്ഒഡി ഡോ. പങ്കജ് ശർമ്മ പറഞ്ഞു.