അഭിഭാഷകര്‍ക്ക് സമരം ചെയ്യാനോ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി

single-img
20 April 2023

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സമരം ചെയ്യാനോ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി.

അഭിഭാഷകര്‍ സമരം ചെയ്യുമ്ബോള്‍ ജുഡീഷ്യല്‍ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, അഹ്സാനുദ്ദീന്‍ അമാനുല്ല എന്നിവര്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ക്കു പരാതി പരിഹാര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെറാഡൂണ്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. അഭിഭാഷകര്‍ക്കു പരാതി പരിഹാരത്തിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനം വേണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കണം.

ഹൈക്കോടതിയിലെ രണ്ടു സീനിയര്‍ ജഡ്ജിമാരും അഡ്വക്കറ്റ് ജനറലും ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ഇതില്‍ അംഗങ്ങളായിരിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു. ജില്ലാ തലത്തിലും ഇത്തരം പരാതി പരിഹാര സംവിധാനം വേണം. കോടതിയിലെ പെരുമാറ്റം, ഫയലിങ്, മറ്റു നടപടിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പരാതികള്‍ പരിഹരിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.