സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല; ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല; ഐശ്വര്യ രജനികാന്ത് പറയുന്നു

single-img
27 January 2024

തന്റെ പിതാവും നടനുമായ രജനികാന്തിനെതിരെയുള്ള സോഷ്യൽ മീഡിയാ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി മകൾ ഐശ്വര്യ രജനികാന്ത് . ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്തിനെ സംഘിയെന്ന് വിളിച്ച് ചിലർ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.

രജനികാന്ത് ഒരു സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ താൻ കാണാറുണ്ടെന്നും, പിതാവിനെ അത്തരത്തിൽ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നും ഐശ്വര്യ പറയുന്നു . അവരുടെ വാക്കുകൾ ഇങ്ങിനെ: ‘ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുന്നയാളാണ്. എന്നാൽ എൻ്റെ ടീം ആളുകൾ എന്താണ് സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എന്നെ കാണിക്കും. ഈയിടെയായി ആളുകൾ ‘സംഘി’ എന്ന ഒറ്റ വാക്കാണ് അദ്ദേഹത്തെ കുറിച്ച് പറയുന്നത്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.

ഞാനൊന്ന് പറയട്ടെ, സൂപ്പർസ്റ്റാർ രജനികാന്ത് ഒരു സംഘിയല്ല. അദ്ദേഹം ഒരു സംഘിയാണെങ്കിൽ ലാൽസലാം ചെയ്യില്ല. ഒരുപാട് മനുഷ്യത്വമുള്ള മനുഷ്യൻ മാത്രമേ ഈ സിനിമ ചെയ്യുകയുള്ളു’, എന്ന് ഐശ്വര്യ പറഞ്ഞതായി എന്റർടെയ്ൻമെന്റ് അനലിസ്റ്റായ സിദ്ധാർത്ഥ് ശ്രീനിവാസ് സോഷ്യൽ മീഡിയയായ എക്സിൽ പോസ്റ്റ് ചെയ്തു.