രാജസ്ഥാന്‍ ഉയര്‍ത്തിയ റണ്‍മല തട്ടിവീണ്‌ സണ്‍ റൈസേഴ്സ് ഹൈദരാബാദ്; രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ ജയം

single-img
2 April 2023

ഐ പി എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 72 റൺസിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 203 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് 131 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ഹൈദരാബാദിനായി യുസ്‍വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റൻ ലക്ഷ്യത്തിനെതിരെ ഹൈദരാബാദിന്‍റെ രണ്ട് വിക്കറ്റുകള്‍ ആദ്യ ഓവറില്‍ തന്നെ വീഴ്ത്തി ട്രെന്‍റ് ബോള്‍ട്ടാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപാഠിയും ബോള്‍ട്ടിന്‍റെ തീപ്പന്തുകള്‍ക്ക് മുന്നില്‍ പൊരുതാന്‍ പോലുമാവാതെ വീണപ്പോൾ തുടർന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണ് കൊണ്ടേയിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

അതേസമയം, 32 റണ്‍സെടുത്ത അബ്ദു സമദാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. നേരത്തേ ടോസ് നേടിയ ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറികളുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ജോസ് ബട്‍ലറും യശസ്വി ജയസ്വാളും തകര്‍ത്തടിച്ചപ്പോല്‍ രാജസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് സഞ്ജുവും സംഘവും 203 റണ്‍സെടുത്തത്.