വയനാട് എം പി ആയാൽ സുൽത്താൻ ബത്തേരിയുടെ പേര് ‘ ഗണപതി വട്ടം’ എന്ന് പുനർനാമകരണം ചെയ്യും: കെ സുരേന്ദ്രൻ
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് എംപി ആയി താൻ ജയിച്ചാൽ ആദ്യ പരിഗണന സുൽത്താൻ ബത്തേരിയുടെ പേര് മാറ്റുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗണപതി വട്ടം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞത്.
‘ നേരത്തെ 1984ൽ പ്രമോദ് മഹാജൻ സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ ഇത് സുൽത്താൻ ബാറ്ററി അല്ലെന്നും ഗണപതി വട്ടം ആണെന്നും പറഞ്ഞിരുന്നു. വലിയ പ്രാധാന്യം വളരെ വലുതാണ്. വിദേശ അധിനിവേശത്തിനെതിരെയും ടിപ്പു സുൽത്താനെതിരെയും ഇവിടെ നിന്ന് പോരാടിയിരുന്നു.
ഇത്തവണ തെരഞ്ഞെടുപ്പിന് ശേഷം ഗണപതി വട്ടം എന്ന പേര് പുനർനാമകരണം ചെയ്യാൻ ശ്രമിക്കും. എംപി ആയി ജയിച്ചാൽ ആദ്യ പരിഗണന ഇതിനായിരിക്കും. മോദിയുടെ സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കും’ കെ സുരേന്ദ്രൻ റിപ്പബ്ലിക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘എന്താണ് സുൽത്താൻ ബത്തേരി എന്ന പേരിന്റെ ആവശ്യം . ഇത് ഗണപതി വട്ടമാണ്. യഥാർഥ പേര് ഗണപതി വട്ടം എന്നാണ്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന് ശേഷമാണ് പേര് മാറ്റിയത്. ആരായിരുന്നു ടിപ്പു സുൽത്താൻ. മലയാളികളെ ആക്രമിച്ചു. ഹിന്ദുക്കളെ മതം മാറ്റി മുസ്ലിമാക്കി. പഴശ്ശിരാജയും പേരാളികളും ടിപ്പുവിനെതിരെ പോരാടിയിട്ടുണ്ട്’ കെ സുരേന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.
ഗണപതിവട്ടമെന്ന സ്ഥലത്തിന്റെ പ്രാധാന്യവും പ്രസക്തിയെപ്പറ്റിയും പല രേഖകളിലും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹൈദരാലിയുടെയും ടിപ്പുവിന്റെയും പടയോട്ടക്കാലത്ത് പാതയോരത്ത് നിലനിന്നിരുന്ന ഗണപതി വട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻ ബത്തേരി ആയിമാറിയത്. ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താന്റെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താന്റെ ആയുധപ്പുര എന്നർത്ഥത്തിൽ സുൽത്താൻസ് ബാറ്ററി എന്ന പേരിട്ടതെന്നും സുരേന്ദ്രൻ പറയുന്നു.