സുൽത്താൻ ബത്തേരി തിരഞ്ഞെടുപ്പ് കോഴ; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; കെ സുരേന്ദ്രൻ ഒന്നാം പ്രതി

single-img
15 November 2023

കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയ സുല്‍ത്താന്‍ ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വൈകുന്നേരം 4 മണിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 348 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതോടൊപ്പം തെളിവുകളായി 62 ഡോക്യുമെന്റുകളും 12 മൊബൈല്‍ ഫോണും കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ 83 സാക്ഷികളാണുള്ളത്. കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയാണ്. ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലാണ് കേസിലെ മൂന്നാം പ്രതി. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാവും.

സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. 2021 മാര്‍ച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപയും സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് 40 ലക്ഷം രൂപയും നല്‍കിയെന്നുമായിരുന്നു പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആണ് പരാതി നല്‍കിയത്.