അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചത്; ഹോട്ടലിലെ താമസത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

single-img
7 February 2023

കൊല്ലം : കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ താമസത്തില്‍ വിശദീകരണവുമായി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.

അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും അറ്റാച്ച്‌ഡ് ബാത്റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയമായിരുന്നുവെന്നുമാണ് ചിന്ത ജെറോമിന്റെ വിശദീകരണം. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ച്‌ വാടക നല്‍കിയെന്ന് ചിന്ത വിശദീകരിച്ചു.

‘കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്ട്രോക്ക് വന്നിരുന്നു. നടക്കാന്‍ ഉള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്‌ഡ് ബാത്റൂം വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. അമ്മയ്ക്ക് ആയുര്‍വേദ ചികിത്സ ആവശ്യമായി വന്നു. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്നതിന്റെ അപാര്‍ട്മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. കുറച്ചു മാസം തന്റെ കയ്യില്‍ നിന്നും കുറച്ചു മാസം അമ്മയുടെ പെന്ഷനില്‍ നിന്നുമാണ് പണം നല്‍കിയത്. റിസോര്‍ട്ടുകാര്‍ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നല്‍കിയത്. മാതാപിതാക്കളുടെ പെന്‍ഷന്‍ ഉണ്ട്’. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യ വിവരങ്ങള്‍ പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

കൊല്ലം തങ്കശ്ശേരിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ മൂന്ന് മുറികളുള്ള അപാര്‍ട്മെന്‍്റില്‍ ചിന്താ ജെറോം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം. പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിലും പരാതി നല്‍കിയിട്ടുണ്ട്.