രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാതയ്‌ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്: മന്ത്രി മുഹമ്മദ് റിയാസ്

single-img
5 January 2024

ദേശീയ പാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ പൂർത്തികരണത്തിന്റെ ഭാഗമായത് സംസ്ഥാന പൊതുമരാമത്ത് ദേശീയ പാത വിഭാഗത്തിന്റെ കൂടി ശ്രദ്ധേയമായ പ്രവർത്തനമാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ 12 ദേശീയപാത പദ്ധതികളുടെ ഉദ്ഘാടന വേളയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ് വികസനത്തിന് വേണ്ടതെന്നും ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പദ്ധതികൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം അവതരിപ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിക്കും ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള തടസ്സങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി നന്ദി പറഞ്ഞു. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം (5200 കോടി രൂപ) സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഭൂമി ഏറ്റെടുക്കല്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്.

കേരളത്തിന് വലിയ സന്തോഷമുള്ള ദിവസമാണിന്ന്. വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം മുന്നോട്ട് വെച്ച പദ്ധതികളാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ദേശീയപാത 66ന്റെ പ്രവര്‍ത്തനങ്ങള്‍ യധാസമയം പരിശോധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ റിവ്യൂ നടത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുന്നോട്ട് കൊണ്ടു പോയത് സംസ്ഥാന സര്‍ക്കാറാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറും എന്‍.എച്ച്.എ.ഐയും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ദേശീയപാത നിര്‍മ്മാണം കേരളത്തില്‍ വേഗത്തില്‍ നടക്കുന്നതിന്റെ പ്രധാന കാരണം. തലപ്പാടി ചെങ്കള റീച്ചില്‍ റോഡുകള്‍ ആറ് വരിയായി മാറിക്കഴിഞ്ഞു. ജനസാന്ദ്രതയും വാഹന പെരുപ്പവും കൂടുതലുള്ള സംസ്ഥാനത്ത് വലിയ പരിമിതികളില്‍ നിന്ന് കൊണ്ടാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.