മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്

single-img
26 July 2023

തിരുവനന്തപുരം: മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്ന് സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കന്റ് മാത്രമാണ് പ്രശ്‍നം ഉണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണ് ശബ്ദം തകരാറിൽ ആയതെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിനിടെ മൈക്ക് തകരാറിയാലതിനെ തുടർന്ന് മൈക്ക് പൊലീസ് പിടിച്ചെടുത്തിരുന്നു. 

സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിം​ഗൊക്കെ പതിവാണ്. ഇന്നലെ രാവിലെ കന്റോൺമെന്റ് സിഐ വിളിച്ചിരുന്നു. സ്റ്റേഷനിൽ വിളിച്ച് ഉപയോ​ഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ സാധനങ്ങളെല്ലാം സ്റ്റേഷനിലാണ്. ഇതെല്ലാം വിദ​ഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചു തരാമെന്നാണ് പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. കഴിഞ്ഞ 17 വർഷമായി ഈ മേഖലയിലുണ്ട്. രാഹുൽ​ഗാന്ധി, പ്രധാനമന്ത്രി അടക്കമുള്ള എല്ലാവർക്കും പരിപാടിയിൽ മൈക്ക് നൽകിയിട്ടുണ്ട്. രാഹുൽ​ഗാന്ധിക്ക് സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെയുള്ള ഹൗളിം​ഗ് സാധാരണമാണ്. നേരത്തെ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു. 

അതേസമയം, ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തിൽ എഫ്ഐആറിട്ടിരക്കുകയാണ് പൊലീസ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രതി പ്രവർത്തിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്നമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.  സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. മൈക്ക്, ആംബ്ലിഫയർ, വയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.