പട്ടി പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി: കെ സുധാകരൻ

single-img
3 November 2023

ജനവിരുദ്ധ നയങ്ങളാൽ അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏത് വിധേനയും രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ഇടിയുടെ പ്രസ്താവനക്കെതിരായ പട്ടി പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ച് വാർത്ത നൽകിയെന്ന് അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മുസ്ലിം ലീഗിന്റെ എംപിയായ ഇടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിരുന്നു. പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്’ തമാശ രൂപേണ പ്രതികരിച്ചത്.

എന്നാൽ തന്റെ പ്രസ്താവന മുസ്ലീംലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്തനല്‍കി. സിപിഎമ്മിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് വിവാദമെന്നും അദ്ദേഹം വിമർശിച്ചു.