മൃദുഹിന്ദുത്വം; കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച്‌ വി.ഡി സതീശന്‍

single-img
29 December 2022

കോട്ടയം: മൃദുഹിന്ദുത്വവും ഭൂരിപക്ഷ സമുദായ വിഷയവും സംബന്ധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണക്കുന്നുവെന്ന് സതീശന്‍ പറഞ്ഞു. യഥാര്‍ഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘ്പരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. മഹാഭൂരിപക്ഷവും വര്‍ഗീയതക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്ബലത്തിലും പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വിശ്വാസികള്‍ അമ്ബലത്തില്‍ പോയാലും തിലകക്കുറി ചാര്‍ത്തിയാലും മൃദുഹിന്ദുത്വമെന്ന് വിശേഷിപ്പിച്ചാല്‍ അതു നരേന്ദ്ര മോദിയെ സഹായിക്കുന്നതായിരിക്കുമെന്നാണ് എ.കെ. ആന്‍റണി പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യവെയാണ് ആന്‍റണിയുടെ പരാമര്‍ശം. ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കുകയും രാജ്യത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കുകയും ചെയ്യും. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് ബി.ജെ.പിയും പയറ്റുന്നത്. ഈ ഘട്ടത്തില്‍ പൈതൃകം മാത്രം പറഞ്ഞ് കോണ്‍ഗ്രസിന് മുന്നോട്ടുപോയിട്ട് കാര്യമില്ല. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യവത്കരിക്കുന്ന വിധം പാര്‍ട്ടി മാറണമെന്നും ആന്‍റണി ചൂണ്ടിക്കാട്ടിയിരുന്നു