ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക: ശോഭാ സുരേന്ദ്രൻ
ഒരിടവേളയ്ക്ക് ശേഷം കേരളാ ബിജെപിയിലെ ഭിന്നതകൾ പരസ്യമായി മറനീക്കി പുറത്തുവരുന്നു. കേരളാ ബിജെപിയുടെ ചുമതലയുള്ള കേന്ദ്ര നേതാവ് പ്രകാശ് ജാവഡേക്കറിനെയും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും വി മുരളീധരനെയും വേദിയിലിരുത്തി വികാരഭരിതമായ സംസാരിച്ചു ശോഭാ സുരേന്ദ്രന്‍.
ഇന്ന് കൊച്ചിയില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശോഭാ സുരേന്ദ്രന്‍ ഒന്നുകില്‍ തന്നെ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാനനുവദിക്കുക എന്ന് വരെ ഒരു ഘട്ടത്തില്‍ പറഞ്ഞത്.
സംസ്ഥാനത്താകെ ഒരു മാറ്റം കൊണ്ടുവരാന്‍ ദേശീയ നേതൃത്വം പണിയെടുക്കുമ്പോള്‍ കേരളത്തിലെ ബിജെപി നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുന്നു. വി മുരളീധരന്‍ വരുന്നതിന് മുമ്പ് താന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. രണ്ട് തവണ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയാക്കി തന്നെ വട്ടംചുറ്റിച്ചു. ദേശീയ രാഷ്ട്രീയത്തില്‍ അഞ്ചംഗ സമിതിയില്‍ അംഗമായപ്പോള്‍ കേരളത്തില്‍ സേവനം വേണമെന്ന് ആവശ്യപ്പെട്ട് തിരിച്ചു വിളിച്ചു. ആ സമയം വൈസ് പ്രസിഡന്റാക്കി, എന്നാല്‍ ഒരു ജില്ലയുടെ പോലും ചുമതല നല്‍കിയില്ല.
മുതിർന്ന നേതാവായ അമിത് ഷാ തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ വന്നപ്പോള്‍ വേദിയില്‍ മറ്റ് വൈസ് പ്രസിഡന്റുമാരെയും വക്താവിനും സ്ഥാനം നല്‍കിയപ്പോള്‍ തന്നെ സദസില്‍ ഇരുത്തി. ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. വി മുരളീധരന് വേണ്ടിയാണ് തന്നെ ക്രൂശിച്ചത്, പൊതു സമൂഹത്തില്‍ അപമാനിച്ചത്. അമിത്ഷായുടെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നത് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹപ്രകാരമാണെന്നാണ് പറയുന്നത്.
കേരളത്തിലെ തീരുമാനങ്ങൾ ജാവഡേക്കറിനെ കൊണ്ട് പറയിപ്പിക്കുന്നത് വി മുരളീധരനാണ്. സദസ്സില്‍ ആരുണ്ടാവണമെന്ന് ലിസ്റ്റ് കൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ്. വി മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന്‍ നേതാവായത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ആളാണ് കെ സുരേന്ദ്രന്‍. വേണമെങ്കില്‍ തന്നെ പുറത്താക്കാം, എന്നാല്‍ സര്‍വ്വതും താന്‍ മാധ്യമങ്ങളുടെ മുമ്പില്‍ വിളിച്ചു പറയും.
വെറും 90000ല്‍ നിന്ന് 2.5 ലക്ഷം വോട്ടിലേക്ക് താനെത്തിച്ച മണ്ഡലത്തിലെ ഒരു പരിപാടിയിലും തന്നെ പങ്കെടുപ്പിക്കുന്നില്ല. താൻ ഒഴികെ ബാക്കിയെല്ലാ വൈസ് പ്രസിഡന്റുമാര്‍ക്കും ഉത്തരവാദിത്വങ്ങള്‍ നല്‍കിയതായും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.