ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ്; കേരളത്തിന്റെ വാദം തള്ളി കേന്ദ്രം

single-img
23 February 2023

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന കേന്ദ്ര നിര്‍ദ്ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 22 സംസ്ഥാനങ്ങള്‍ ഉത്തരവ് നടപ്പാക്കി. കേരളം അടക്കം എട്ട് ഇടങ്ങളില്‍ മാത്രമാണ് നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് 2021 ല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഫെബ്രുവരി 9 നാണ് വീണ്ടും നിര്‍ദേശം നല്‍കി കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയത്.

ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര നിര്‍ദ്ദേശം പാടെ തള്ളുന്നില്ല .കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണം. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.