ആറ് വയസുകാരി നക്ഷത്രയുടേത് ആസൂത്രിത കൊലപാതകം; പിതാവ് മഹേഷ് പ്രത്യേകം മഴു തയ്യാറാക്കി

single-img
8 June 2023

മാവേലിക്കരയിൽ നടന്ന ആറ് വയസുകാരി നക്ഷത്രയുടെ കൊലപാതകം ആസൂത്രിത പൊലീസ്. നക്ഷത്രയെ വധിക്കാൻ പിതാവായ മഹേഷ് പ്രത്യേകം മഴു തയ്യാറാക്കിയതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഏതാനും കുറച്ചു നാളുകളായി പ്രതി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു.

ഒരു വനിതാ കോണ്‍സ്റ്റബിളുമായുള്ള പുനര്‍വിവാഹം മുടങ്ങിയതില്‍ ഇയാള്‍ കടുത്ത നിരാശയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. അതേസമയം, ഇന്ന് മഹേഷ് ആത്മഹത്യക്ക് ശ്രമിച്ചു. മാവേലിക്കര സബ് ജയിലില്‍വെച്ച് ഇയാള്‍ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് മവേലിക്കരയില്‍ കൊലപാതകം അരങ്ങേറിയത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്. അവിടെനിന്നും പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്ന മഹേഷ് സുനന്ദയെയും ആക്രമിച്ചു.

ഈ ആക്രമണത്തിൽ സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ടുള്ള വെട്ടേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് പൊലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവാണ് നക്ഷത്രയുടെ മരണത്തിന് കാരണമായത്. ഒറ്റ വെട്ടില്‍ തന്നെ കുട്ടിയുടെ സുഷുമ്നയും നട്ടെല്ലും വിച്ഛേദിക്കപ്പെട്ടിരുന്നു.

നക്ഷത്രയുടെ മാതാവായ വിദ്യ രണ്ട് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷം വിദേശത്തായിരുന്ന മഹേഷ് പിതാവ് ശ്രീമുകുന്ദന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്. അടുത്തിടെ ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഇയാളുടെ പുനര്‍വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.