ആറ് വയസ്സുകാരിയെ ഡൽഹിയിൽ കൂട്ട ബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികൾ പിടിയിൽ

single-img
28 January 2026

വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 10, 13, 14 വയസ്സുള്ള പ്രായപൂർത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയും കുടുംബവും നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജനുവരി 18-ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലെത്തിയത്. ഭയന്ന നിലയിലായിരുന്ന കുട്ടി ആദ്യം വീണതാണെന്ന് പറഞ്ഞതായും അമ്മ വ്യക്തമാക്കി.

“അവൾക്ക് രക്തസ്രാവമുണ്ടായിരുന്നു. ബോധരഹിതയായി വീണു. മുഖത്ത് വെള്ളം ഒഴിച്ച് ഉണർത്തിയപ്പോഴാണ് സംസാരിക്കാൻ തുടങ്ങിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ ആദ്യം വീണുവെന്നാണ് പറഞ്ഞത്,” അമ്മ പറഞ്ഞു. പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭക്ഷണം വാഗ്ദാനം ചെയ്ത് അയൽവാസിയായ 13 വയസ്സുള്ള കുട്ടിയും മറ്റ് രണ്ട് ആണ്‍കുട്ടികളും ചേർന്ന് ആക്രമിച്ചതായി കുട്ടി പറഞ്ഞത്.

സംഭവത്തിന് തൊട്ടുമുമ്പ് കുട്ടി പിതാവിനൊപ്പം പുറത്തുപോയിരുന്നതായി കുടുംബം അറിയിച്ചു. മിഠായി വാങ്ങിക്കൊടുത്ത ശേഷം കുട്ടിയെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടു. തുടർന്ന് കുട്ടിയെ അടുത്തുള്ള ഒഴിഞ്ഞ ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി അവിടെ വെച്ചാണ് ആക്രമണം നടത്തിയതെന്ന് കുട്ടി പറഞ്ഞു. കൈകൾ കെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്തിരുന്നതായും അമ്മ വ്യക്തമാക്കി.