എസ്.ഐ.ആര്‍ പരിഷ്‌കരണം: 24.08 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ വിമർശനവുമായി സിപിഐഎം-

single-img
21 December 2025

സംസ്ഥാനത്ത് എസ്.ഐ.ആര്‍ (Special Intensive Revision) പരിഷ്‌കരണ നടപടികളുടെ ഭാഗമായി 24.08 ലക്ഷം പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിപിഐഎം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സിപിഐഎം ഈ വിമര്‍ശനം മുന്നോട്ടുവച്ചത്.

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ‘കണ്ടെത്താനായില്ല’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നിരവധി വോട്ടര്‍മാര്‍ യാഥാര്‍ഥ്യത്തില്‍ അവിടെയുണ്ടെന്ന് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത എം.വി. ജയരാജന്‍ ഉദാഹരണങ്ങളോടെ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ, തന്റെ പേരും ഭാര്യയുടെ പേരും കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായി സിപിഐ പ്രതിനിധിയും മുന്‍ എം.എല്‍.എയുമായ രാജാജി മാത്യു തോമസ് വ്യക്തമാക്കി.

എസ്.ഐ.ആര്‍ നടപടികളുടെ സമയപരിധി നീട്ടണമെന്ന ആവശ്യം ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗത്തില്‍ ഉന്നയിച്ചു. എസ്.ഐ.ആര്‍ പരിഷ്‌കരണത്തില്‍ വ്യാപകമായ ക്രമക്കേടുകളുണ്ടെന്നും, ഏകദേശം 50 ലക്ഷം പേര്‍ വരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാകുന്ന സാഹചര്യമുണ്ടാകാമെന്നുമാണ് സിപിഐഎമ്മിന്റെ ആരോപണം. എന്നാല്‍ സമയപരിധി നിശ്ചയിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മറുപടി നല്‍കി.

എസ്.ഐ.ആര്‍ പരിഷ്‌കരണം ബീഹാര്‍ മോഡല്‍ പിന്തുടര്‍ന്ന് ഒരു വിഭാഗം വോട്ടര്‍മാരെ ഉദ്ദേശപൂര്‍വം ഒഴിവാക്കാനുള്ള ശ്രമമാണെന്ന സിപിഐഎമ്മിന്റെ ആരോപണം നിലവിലെ കണക്കുകള്‍ ശരിവയ്ക്കുന്നതാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. യോഗത്തില്‍ ഇടതു പ്രതിനിധികള്‍ ഉന്നയിച്ച നിരവധി ആശങ്കകള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും സിപിഐഎം അറിയിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകയായ ഐശ്വര്യ സിംഗും യോഗത്തില്‍ പങ്കെടുത്തു.