അസുഖം കാരണം ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു സൂര്യകുമാർ

single-img
21 March 2023

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വീഡിയോ ചിത്രീകരിച്ച് സംപ്രേഷണം നടത്തിയ കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അസുഖം കാരണം നാളെ ഹാജരാകാൻ കഴിയില്ലെന്ന് സിന്ധു സൂര്യകുമാർ അറിയിക്കുകയായിരുന്നു.

അന്വേഷണ സംഘം വ്യാജ വീഡിയോ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് സിന്ധു സൂര്യകുമാർ തന്റെ അസൗകര്യം അറിയിച്ചത്.

അതേസമയം, കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുകയോ തെറ്റായ സന്ദേശങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വരണമെന്നും കമ്മീഷൻ പറഞ്ഞു.

അടുത്ത 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ വാര്‍ത്തകളുടെ നിര്‍മ്മിതി ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. വാര്‍ത്താമാധ്യമങ്ങള്‍ പ്രത്യേകമായ ശ്രദ്ധ നേടിയെടുക്കാന്‍ നിയമലംഘനം നടത്തുന്നത് ആശാസ്യകരമല്ലെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമ നടപടി ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.