സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ തള്ളി

single-img
31 October 2022

മലയാളി മാധ്യമപ്രവര്‍ത്തന്‍ സിദ്ദിഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി തള്ളി. ഇഡി കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇഡി കേസില്‍ സിദ്ദീഖ് കാപ്പന് ഒപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഉത്തര്‍ പ്രദേശ് പോലീസ് ചുമത്തിയ ഹാഥ്റസ് ഗൂഢാലോചന കേസില്‍ പ്രതിയായ കാപ്പന്‍ രണ്ട് വര്‍ഷത്തോളമായി ജയിലിലാണ്. കഴിഞ്ഞ സെപ്റ്റംബർ ഒൻപതിന് യു.എ.പി.എ കേസിൽ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ, ഇ.ഡി കേസിൽകൂടി ജാമ്യം ലഭിക്കാത്തതിനാലാണ് കാപ്പന്റെ മോചനം നീണ്ടുപോകുന്നത്.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിദ്ദീഖ്.