സിദ്ധാ‍ർത്ഥിന്റെ മരണം; വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്ഐയുടെ പരസ്യ വിചാരണയെന്ന് കൽപ്പറ്റ ഡിവൈഎസ്പി

single-img
28 February 2024

വയനാട് ജില്ലയിലെ വൈത്തിരി വെറ്റിനറി കോളേജിൽ നടന്നത് എസ്എഫ്ഐയുടെ പരസ്യ വിചാരണയാണെന്ന് കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവൻ. നിലവിൽ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേർന്ന് മർദ്ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഹോസ്റ്റലിൽ പരസ്യവിചാരണ പതിവാണ്. എസ്എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതി പരാതികൾ തീർപ്പാക്കുകയും ശിക്ഷ വിധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 18-നായിരുന്നു ഹോസ്റ്റൽ ബാത്ത് റൂമിൽ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെ സഹപാഠികൾ ചേർന്ന് സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേർന്ന് സിദ്ധാർത്ഥനെ മർദ്ദിച്ച് കെട്ടിതൂക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുടുംബം എഡിജിപി ക്ക് പരാതി നൽകിയിരുന്നു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. ഹോസ്റ്റലിലെ ബാത്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. മറ്റൊരു വിദ്യാർത്ഥിയാണ് കുടുംബത്തെ മരണ വിവരം അറിയിച്ചത്. കോളേജ് അധികൃതരുടെ ഭീഷണിയെത്തുടർന്നാണ് സത്യം വിദ്യാർഥികൾ പുറത്തു പറയാത്തതെന്നും സിദ്ധാർത്ഥന്റെ പിതാവ് പ്രതികരിച്ചു.