കര്‍ണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

single-img
20 May 2023

ബെംഗളൂരു: കര്‍ണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും ചുമതലയേല്‍ക്കും. 25 മന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും എന്നാണ് സൂചന.

ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ്‍സി, എസ്‍ടി, വനിതാ പ്രാതിനിധ്യങ്ങളുടെ സമവാക്യം ഒപ്പിച്ചുതന്നെയാകും മന്ത്രിസഭാ രൂപീകരണം. ബിജെപി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എംഎല്‍സി സ്ഥാനം നല്‍കിയ ശേഷം മന്ത്രിസ്ഥാനം നല്‍കിയേക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ ബിജെപിയിതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കും. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറല്‍ ഡി രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയ്ക്ക് ഒപ്പമുള്ള പുതുച്ചേരി മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്.