ഡി കെ ശിവകുമാറുമായി ശത്രുത ഇല്ലെന്ന് സിദ്ധരാമയ്യ

കർണ്ണാടക മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിൽ ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒരുമിച്ചെത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണുകയും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
‘പ്രഭാതഭക്ഷണം നന്നായിരുന്നു. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല,’ സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
ശിവകുമാറും സമാനമായ നിലപാട് ആവർത്തിച്ചു. “ഞങ്ങളുടെ പ്രധാന അജണ്ട 2028-ലെ തിരഞ്ഞെടുപ്പാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും പ്രധാനമാണ്. ഞങ്ങൾ അതിനെക്കുറിച്ചും 2028-ൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഒരുമിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം,” ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് 2026 മാർച്ചിലോ ഏപ്രിലിലോ സിദ്ധരാമയ്യയിൽ നിന്ന് ശിവകുമാറിലേക്ക് എത്രയും പെട്ടെന്ന് അധികാര കൈമാറ്റം നടക്കും എന്നതിന്റെ സൂചനയായാണ്. പ്രഭാതഭക്ഷണത്തിന് പിന്നാലെതന്നെ ഇരുനേതാക്കളും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചു.


