ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്

single-img
19 May 2023

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കര്‍ണാടകയില്‍ ആരെയൊക്കെ മന്ത്രിസഭയിലെടുക്കണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയും ശിവകുമാറും വീണ്ടും ദില്ലിക്ക്.

ഇന്ന് ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ചാവും അന്തിമ തീരുമാനം. മന്ത്രിസഭയില്‍ പരമാവധി 34 പേരെയാണ് അംഗമാക്കാന്‍ കഴിയുന്നതെങ്കിലും ഇരട്ടിയോളം പേരാണ് മന്ത്രി സ്ഥാനം മോഹിച്ച്‌ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി പദം പ്രതീക്ഷിച്ച ലിംഗായത്ത്, ദളിത് , മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് വലിയ സമ്മര്‍ദ്ദവുമുണ്ട്. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്നതിനൊപ്പം പ്രധാന വകുപ്പുകള്‍ വിഭജിക്കുന്നതിലും കിടമത്സരമുണ്ട്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ പാ‍ര്‍ട്ടികളുടെ സംഘമവേദിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാന്‍ ആണ് തീരുമാനം. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.

സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും ഇതുവരെ ക്ഷണമില്ല. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ക്ഷണിച്ചു.