ശ്രുതിയുടെ അമ്മ സബിതയെ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു; തിരിച്ചറിഞ്ഞത് ഡിഎൻഎ ടെസ്റ്റിലൂടെ

single-img
19 September 2024

വയനാട്ടിലെ ശ്രുതിയുടെ അമ്മ സബിതയെ ഇന്ന് മേപ്പാടി മാരിയമ്മൻ ക്ഷേത്ര ശ്മശാനത്തില്‍ സംസ്കരിച്ചു. ഡിഎൻഎ ടെസ്റ്റിലൂടെയാണ് അമ്മയെ തിരിച്ചറിഞ്ഞത്. അച്ഛനും സഹോദരിയും അമ്മയുടെ അമ്മയും ഉള്‍പ്പെടെ ശ്രുതിയുടെ കുടുംബാഗങ്ങളായ 9 പേര്‍ ജില്ലയിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.

അതിനു ശേഷം പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തിലും മരണപ്പെട്ടത് ശ്രുതിക്ക് വലിയ ആഘാതമായി മാറിയിരുന്നു . അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രുതി തന്റെ മാതാവിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന് എംഎല്‍എ ടി സിദ്ധിഖിനോട് ആവശ്യപ്പെടുകയായിരുന്നു.

അങ്ങിനെയാണ് സംസ്കാരത്തിനുള്ള ക്രമീകരണങ്ങള്‍ നടന്നത്. പുത്തുമലയില്‍ സി192 എന്ന് രേഖപ്പെടുത്തിയ കുഴിമാടത്തിലായിരുന്നു ശ്രുതിയുടെ അമ്മയെ സംസ്കരിച്ചിരുന്നത്. ഇവിടെ നിന്നും വൈറ്റ്ഗാര്‍ഡ് മൃതദേഹം പുറത്തെടുത്ത് സംസ്കാരത്തിനെത്തിക്കുകയായിരുന്നു. വാഹനാപകടത്തിൽ ചികിത്സയില്‍ കഴിയുന്ന ശ്രുതിയെ ആംബുലൻസിലാണ് സംസ്കാരം നടക്കുന്ന മാരിയമ്മൻ ക്ഷേത്രത്തില്‍ എത്തിച്ചത്. ശ്രുതിയുടെ അച്ഛൻ ശിവണ്ണനെയും സഹോദരി ശ്രേയയേയും ഇവിടെ തന്നെയാണ് സംസ്കരിച്ചിരുന്നത്.